04:30am 23 May 2026
NEWS
സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്വാശ്രയ സ്കൂളുകളെ ഒഴിവാക്കി
21/05/2026  07:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി  സ്വാശ്രയ സ്കൂളുകളെ ഒഴിവാക്കി

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി) രൂപീകരണം ഉൾപ്പെടെ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് അൺ എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സി.ബി.എസ്.ഇ ഉൾപ്പെടെ സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങൾക്ക് എസ്.എം.സി മാർഗനിർദ്ദേശങ്ങൾ ബാധകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ (21) പുറത്തിറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കി. സർക്കാരിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ ധനസഹായം സ്വീകരിക്കാത്ത സ്കൂളുകൾക്ക് നിർബന്ധിത വ്യവസ്ഥ ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

സ്വാശ്രയ വിദ്യാലയ മാനേജ്മെന്റുകളുടെ ആശയക്കുഴപ്പം നീക്കുകയും തുടർനടപടികളിൽ കൂടുതൽ വ്യക്തത നൽകുകയും ചെയ്യുന്നതാണ് വിശദീകരണമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.

കൂടുതൽ സുതാര്യത, ഉത്തരവാദിത്തബോധം, പങ്കാളിത്ത ഭരണരീതി എന്നിവ ഉറപ്പാക്കുന്നതിനായി സ്വാശ്രയ വിദ്യാലയങ്ങളിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്കൂൾ, രക്ഷിതാക്കൾ, സമൂഹം എന്നിവരുടെ സംയുക്ത ഉത്തരവാദിത്തമാണ് വിദ്യാഭ്യാസം. വിദ്യാർത്ഥികളുടെ മികച്ച പഠനഫലത്തിനും വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതിക്കും രക്ഷിതാക്കളും സ്കൂളുകളും മറ്റ് പങ്കാളികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വിശദീകരണത്തിൽ പറയുന്നു. സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനം, ഫീസ് തുടങ്ങിയവ ചർച്ച ചെയ്യാനും തീരുമാനിക്കാനും ഉൾപ്പെടെയാണ് എസ്.എം.സി രൂപീകരിക്കൻ നിർദ്ദേശിച്ചത്.

എസ്.എം.സി അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിലെ ആശങ്കകളെക്കുറിച്ച് സി.ബി.എസ്.ഇ സ്കൂളുകളുടെ സംസ്ഥാന കൗൺസിലുകളും നാഷണൽ കൗൺസിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും അറിയിച്ചതിനെ തുടർന്നാണ് വിശദീകരണം പുറപ്പെടുവിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img